തങ്ങളുടെ കമ്പ്യൂട്ടറിനോ ഡിവൈസിനോ മാല്‍വേറോ വൈറസുകളോ ബാധിച്ചുവെന്ന് ഉപയോക്താക്കളെ തോന്നിപ്പിച്ച് വ്യാജ ആന്റിവൈറസ് വാങ്ങുക അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക തുടങ്ങിയവ പോലുള്ള നിശ്ചിത നടപടികള്‍ സ്വീകരിക്കാന്‍ അവരെ ഭയപ്പെടുത്തി കബളിപ്പിക്കാന്‍ തയ്യാറാക്കുന്ന ഒരു തരം തട്ടിപ്പ് സോഫ്റ്റ് വേര്‍ (മാല്‍വേര്‍) ആണ് സ്‌കേര്‍വേര്‍. സ്‌കേര്‍വേര്‍ പൊതുവെ വ്യാജ പോപ്-അപ് അലര്‍ട്ടുകള്‍, മുന്നറിയിപ്പ് സന്ദേശങ്ങള്‍, അല്ലെങ്കില്‍ അറിയിപ്പുകള്‍ എന്നിവ അവതരിപ്പിക്കുകയും അവ നിയമാനുസൃതവും അടിയന്തിരവുമാണെന്ന തരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, പലപ്പോഴും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ അപകടത്തിലാണെന്നും അടിയന്തിര ശ്രദ്ധ ആവശ്യമാണെന്നും അവകാശപ്പെടുകയും ചെയ്യുന്നു.

ഉപയോക്താവിന്റെ മനസ്സില്‍ ഭയവും പരിഭ്രാന്തിയും അല്ലെങ്കില്‍ അടിയന്തിരബോധവും സൃഷ്ടിച്ച് മുന്നറിയിപ്പുകളുടെ വസ്തുത പരിശോധിച്ചുറപ്പിക്കാതെ തിരക്കുപിടിച്ച നടപടിള്‍ സ്വീകരിക്കുന്നതിലേക്ക് അവരെ നയിക്കുകയാണ് സ്‌കേര്‍വേറിന്റെ പ്രധാന ലക്ഷ്യം. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക, സോഫ്റ്റ് വേര്‍ ഡൗണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യുക, വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ നല്‍കുക, വ്യാജമോ അനാവശ്യമോ ആയ സോഫ്റ്റ് വേറിന് പണമടയ്ക്കുക തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങളില്‍ പെടും. വിനാശകാരിയായ വെബ്‌സൈറ്റുകള്‍, സ്പാം ഇമെയിലുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ പോലുള്ള വ്യത്യസ്ത രീതികളിലൂടെയും നിയമാനുസൃത സോഫ്റ്റ് വേര്‍ ഡൗണ്‍ലോഡുകളുടെ കൂടെ പോലും സ്‌കേര്‍വേര്‍ വിതരണം ചെയ്യുന്നു.

സൈബര്‍ സുരക്ഷാ ഭീഷണികളെ സംബന്ധിച്ച ഉപയോക്താവിന്റെ അറിവ് അല്ലെങ്കില്‍ അവബോധം എന്നിവയുടെ അഭാവത്തെ ഇരയാക്കുന്ന വഞ്ചനാത്മകവും തട്ടിപ്പുമായ ശീലമാണ് സ്‌കേര്‍വേര്‍. സാമ്പത്തിക നഷ്ടം, ഐഡന്റിറ്റി മോഷണം, മറ്റ് സുരക്ഷാ അപകടങ്ങള്‍ എന്നിവയില്‍ ഇത് കലാശിക്കും. വ്യാജ ആന്റിവൈറസ് സോഫ്റ്റ് വേര്‍, വ്യാജ സിസ്റ്റം ഒപ്ടിമൈസറുകള്‍, വ്യാജ രജിസ്ട്രി ക്ലീനറുകള്‍, വ്യാജ റാന്‍സംവേര്‍ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ സ്‌കേര്‍വേറിന്റെ ചില പൊതുവായ ഉദാഹരണങ്ങളാണ്.